മുസ്‌ലിം ലീഗ് പാര്‍ട്ടിയെ ചര്‍ച്ചക്ക് എടുത്തിട്ടിട്ട് പാര്‍ട്ടി സമ്മേളനത്തിന്റെ മാറ്റ് കൂട്ടാന്‍ CPIM ശ്രമിക്കുന്നു - PMA സലാം


ആരാരും തിരിഞ്ഞുനോക്കാത്ത സംസ്ഥാന സമ്മേളനത്തിലേക്ക് ജനശ്രദ്ധ കൊണ്ടുവരാനാണ് മുസ്‌ലിംലീഗിനെതിരെ അനാവശ്യ പ്രസ്താവനകളുമായി സിപിഎം നേതാക്കള്‍ രംഗത്തുവരുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.എ സലാം. സാധാരണ ഗതിയില്‍ സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ വലിയ ആരവങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ അങ്ങനെ ഒരു സമ്മേളനം നടക്കുന്നുവെന്ന് പോലും ജനങ്ങള്‍ക്കറിവില്ല. വാര്‍ത്താമാധ്യമങ്ങള്‍ പോലും ശ്രദ്ധികുന്നില്ല. ഇക്കാര്യം മറ്റാരേക്കാളും ഏറെ മനസ്സിലാക്കിയത് സിപിഎം തന്നെ ആണ്. എങ്ങനയെങ്കിലും ജനശ്രദ്ധ സമ്മേളനങ്ങളിലേക്ക് കൊണ്ടുവരണമെന്ന ഉദ്ദേശത്തിലാണ് ജനശ്രദ്ധ ഏറെയുള്ള മുസ്‌ലിംലീഗ് പാര്‍ട്ടിയെ ചര്‍ച്ചക്ക് എടുത്തിട്ടിട്ട് പാര്‍ട്ടി സമ്മേളനത്തിന്റെ മാറ്റ് കൂട്ടാന്‍ ശ്രമിക്കുന്നതെന്നും മലപ്പുറത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുമെല്ലാം മുസ്‌ലിംലീഗിനെതിരെ അനാവശ്യമായ പ്രസ്താവനകള്‍ ഇറക്കുകയാണ്. മുന്നണിയിലെടുക്കണമെന്ന് പറഞ്ഞ് മുസ്‌ലിംലീഗ് അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നിപോകുന്ന  തരത്തിലാണ് സിപിഎമ്മിന്റെ വിലകുറഞ്ഞ പ്രസ്താവനകള്‍. മുസ്‌ലിംലീഗ് ഇടതുമുന്നണിയിലേക്ക് പോകുമെന്ന് ആരും എവിടേയും പറഞ്ഞിട്ടില്ല. ദേശീയ ജനറല്‍ സെക്രട്ടറി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. യു.ഡി.എഫിന്റെ രണ്ടാമത്തെ കക്ഷിയാണ് മുസ്‌ലിംലീഗ്. അതിലൊരു മാറ്റവുമില്ല. ഉണ്ടാവുകയുമില്ല. ആരും കാത്തിരിക്കണ്ടായെന്നും പിഎംഎ സലാം പറഞ്ഞു. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും മുസ്‌ലിംലീഗിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല.

പിടിച്ചുനില്‍ക്കാനാവില്ല എന്ന കൊടിയേരിയുടെ പ്രസ്താവന കേട്ടു. എവിടേയും പിടിക്കാതെ ഒറ്റക്ക് വേണമെങ്കിലും നില്‍ക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. അധികാരമില്ലെങ്കില്‍ നശിച്ചുപോകുന്ന രാജ്യത്തെ ഏക രാഷ്ട്രീയ  പാര്‍ട്ടി സിപിഎം ആണ്. പതിറ്റാണ്ടുകളോളം ഭരിച്ച ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടപ്പെട്ടതോടെ സിപിഎം വട്ടപൂജ്യമായി. പേരിന് പോലും ഒരു എംഎല്‍എയെ വിജയിപ്പിക്കാന്‍ മൂപ്പതും നാല്‍പതും കൊല്ലം ഭരിച്ച സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് കഴിയുന്നില്ല. ആരാണ് അധികാരമില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത പാര്‍ട്ടി എന്നതിന് മറ്റെന്ത് ഉദാഹരണം വേണം. ഇതെല്ലാം മറച്ചുവെച്ചിട്ട് മുസ്‌ലിംലീഗിന്റെ മേല്‍ കുതിരകയറാനാണ് സിപിഎം ശ്രമിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെയും സിപിഎം പാര്‍ട്ടിയുടെയും നയ നിലപാടുകളിലെ പാളിച്ചകളെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിക്കാന്‍ മുസ്‌ലിംലീഗ് മുന്നില്‍ തന്നെയുണ്ടാകും. അക്കാര്യങ്ങളിലൊന്നും വിട്ടുവീഴ്ച്ച ചെയ്യാന്‍ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ മുസ്‌ലിംലീഗിന് കഴിയില്ല. ഇത്തരത്തിലുള്ള വിലകുറഞ്ഞ പ്രസ്താവനളുമായി മുസ്‌ലിംലീഗ് പാര്‍ട്ടിയെ പ്രതിരോധിച്ചുനിര്‍ത്താമെന്ന് ആരും കരുതണ്ട.

മുസ്‌ലിംലീഗിന്റെ ചിലവില്‍ സംസ്ഥാന സമ്മേളനം വിജയിപ്പിക്കേണ്ട ഗതിഗേടിലാണ് സിപിഎം. കോണ്‍ഗ്രസുമായി സഖ്യം ചേരാന്‍ മുസ്‌ലിംലീഗിന് നാണമില്ലേ എന്നാണ് പോളിറ്റ് ബ്യറോ അംഗം എം.എ ബേബി ചോദിക്കുന്നത്. നാണം എന്ന് പറയുന്നത് വളയാര്‍ ചെക്കുപോസ്റ്റിന് ഇപ്പുറം മാത്രമുള്ള സംഗതിയാണോയെന്ന് സഖാവ് വ്യക്തമാക്കണം. തമിഴ്‌നാട്ടില്‍ സിപിഎം കോണ്‍ഗ്രസ് മുന്നണിയിലെ അംഗമാണെന്ന് അറിയായാത്ത ആളാണോ പോളിറ്റ് ബ്യൂറോ അംഗം. തമിഴ്‌നാട്ടില്‍ നിന്നും വിജയിച്ച സിപിഎമ്മിന്റെ രണ്ട് പാര്‍ലമെന്റ് അംഗങ്ങള്‍ കോണ്‍ഗ്രസിന്റെ കൂടിയ പിന്തുണ കൊണ്ടാണ് ഡല്‍ഹിയിലിരിക്കുന്നതെന്ന സത്യം സിപിഎമ്മിന് നിഷേധിക്കാനാകൂമോ. കേരളത്തിന് പുറത്ത് പലയിടങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസും യോജിച്ച് പ്രവര്‍ത്തിക്കുന്നു. പോളിറ്റ് ബ്യൂറോ അതിനെ അംഗീകരിക്കുന്നു.

ബിജെപിക്കെതിരായ കൂട്ടായ്മയില്‍ സിപിഎം അടക്കമുള്ള മാര്‍ക്കിസ്റ്റ് പാര്‍ട്ടികള്‍ വരണം എന്ന് തന്നെയാണ് മുസ്‌ലിംലീഗ് നിലപാട്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് കൊണ്ടാണ് ബിജെപി അധികാരത്തിലിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ ചേരിയില്‍ നില്‍ക്കാന്‍ സിപിഎമ്മിന് കഴിയണമെന്ന് ഞങ്ങളെല്ലാം എന്നും പറയുന്നതാണ്. എന്നാല്‍ അവര്‍ പറയുന്നത് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെയാണെന്നാണ്. അതേ സമയം കേരളത്തിന് പുറത്ത് ഇതേ ആളുകള്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുകയും ചെയ്യുന്നു.

ന്യൂനപക്ഷങ്ങളുടെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്ന് ചോദ്യങ്ങള്‍ക്ക് മറുപിടിയായി അദ്ദേഹം പറഞ്ഞു. ഭരണതുടര്‍ച്ചക്ക് ശേഷം അവരെടുത്ത നിലപാടുകള്‍ മുസ്‌ലിംന്യൂനപക്ഷ വിരുദ്ധമായിരുന്നു. മുസ്‌ലിം സമുദായത്തിന് നല്‍കിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ചിരിക്കുകയാണ്. മുസ്‌ലിംലീഗിന് തീവ്രവാദ സംഘനടകളുമായി ബന്ധമുണ്ടെന്ന വിലകുറഞ്ഞ മറ്റൊരു ആരോപണവും കേട്ടു. അങ്ങനെയുണ്ടെങ്കില്‍ തെളിയിക്കട്ടെ എന്നാണ് മറുപടി പറയാനുള്ളത്. ഭരിക്കുന്ന പാര്‍ട്ടിയല്ലേ സിപിഎം. നാലു വോട്ടിന് വേണ്ടി സകല വര്‍ഗീയ വാദികളുമായും കൂട്ടുകൂടിയ ചരിത്രം സിപിഎമ്മിനാണ്. അത് കേരളീയ പൊതുസമൂഹത്തിന് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡ് പ്രക്ഷോഭങ്ങള്‍ ശക്തമായി തന്നെ തുടരാനാണ് പാര്‍ട്ടി തീരുമാനം. നാലാം തിയ്യതി മുസ്‌ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി കോഴിക്കോട് ചേരുന്നുണ്ട്. അടുത്ത ഘട്ടം യോഗത്തില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും പി.എം.എ സലാം അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍