കെ - റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


കെ - റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ കീഴടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തില്‍ സര്‍വേ കല്ല് തീര്‍ന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവന്ന് വീണ്ടും നാട്ടും. കല്ല് പിഴുതെറിയല്‍ സമരത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നമാണെങ്കില്‍ അത് പ്രത്യേകം പരിഗണിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കുകയുള്ളൂ. തെറ്റായ പ്രചരണം നടത്തി ആളുകളെ കബളിപ്പിച്ച് സമരരംഗത്ത് ഇറക്കുകയാണ്. സാമൂഹിക ആഘാതപഠനത്തിനുള്ള കല്ലിടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കഴിഞ്ഞാല്‍ മാത്രമേ മറ്റ്  നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കുക. കേന്ദ്രം അനുവദിച്ച കാര്യങ്ങള്‍ മാത്രമേ ഇവിടെ നടക്കുന്നുള്ളൂ. ഇക്കാര്യം ഹൈക്കോടതിയും അംഗീകരിച്ചതാണ്. ഇപ്പോള്‍ നടക്കുന്ന സമരം ഹൈക്കോടതി വിധിക്ക് എതിരാണെന്നും കോടിയേരി പറഞ്ഞു.

 ചങ്ങനാശേരിയില്‍ രണ്ടാം വിമോചന സമരമെന്ന് പറയുന്നവരുടെ ലക്ഷ്യം നടക്കാന്‍ പോകുന്നില്ല. വിമോചന സമരമൊന്നും ഇവിടെ നടക്കില്ല. ആ കാലമൊക്കെ മാറിപ്പോയി. ഇതുസംബന്ധിച്ച് എന്‍.എസ്.എസ് സെക്രട്ടറി പ്രതികരിക്കുകയും ചെയ്തു. തങ്ങള്‍ സമരത്തിന് അനുകൂലമോ പ്രതികൂലമോ അല്ലെന്നാണ് എന്‍.എസ്.എസ് പ്രതികരിച്ചതെന്നും കോടിയേരി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍