കെ.റെയിൽ പദ്ധതിക്ക് കേന്ദ്രസർക്കാർ യാതൊരുവിധത്തിലും അനുമതി നൽകരുതെന്ന് മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
റെയിൽവേയുടെ ഉപ ധനാഭ്യർത്ഥന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാതൊരു തരത്തിലും ഈ പ്രൊജക്ടിനോട് നീതികരിക്കാൻ കഴിയുന്നതല്ല . കേരളത്തിൽ അത് വലിയ ദുരന്തങ്ങൾ വരുത്തിവെക്കും. ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെടും. ഇതിനു മുടക്കുന്ന തുകയും അതിൽ നിന്ന് തിരിച്ചു ലഭിക്കുന്ന വരുമാനവും തമ്മിൽ സാമ്പത്തികമായി പ്രായോഗികമല്ല.
പരിസ്ഥിതി പ്രവർത്തകരായ പല പ്രമുഖരും ഇതിനകം തന്നെ ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതി മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വളരെയേറെയാണ്. ഇതിന്റെ സാമൂഹിക-സാമ്പത്തിക- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കേന്ദ്ര ഗവൺമെന്റ് കേരള സർക്കാരിനെ ഈ പദ്ധതിയിൽ നിന്നും പിന്തിരിപ്പിക്കണം എന്നും എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ മുടങ്ങിക്കിടക്കുന്ന പ്രധാന റെയിൽവേ പദ്ധതികളാണ് നിലമ്പൂർ-നഞ്ചൻഗോഡ്, മൈസൂർ - തലശ്ശേരി റെയിൽ പാത. ഈ രണ്ട് പദ്ധതികളും വയനാട് വരെ രണ്ടു പദ്ധതികളായി അവിടെ നിന്ന് മൈസൂർ വരെ ഒരു പദ്ധതിയായും നടപ്പിലാക്കിയാൽ സാമ്പത്തികമായി വളരെയേറെ ഗുണം ചെയ്യും. കേരള സർക്കാർ ഇത്തരത്തിലൊരു നീക്കത്തിന് അനുകൂലമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇത് നല്ലൊരു നിർദ്ദേശമാണ്. നടപ്പിലാക്കുന്നതിനു കേന്ദ്ര ഗവൺമെന്റ് സന്നദ്ധമാകണമെന്നും എം.പി ആവശ്യപ്പെട്ടു.
കേരളത്തിലെ സവിശേഷമായ ചില പ്രശ്നങ്ങൾ കൂടിയുണ്ട് . വളരെ ചുരുങ്ങിയ എന്നാൽ അത്യാവശ്യമായ ഗണത്തിൽപ്പെടുന്ന ചില സൗകര്യങ്ങൾ എല്ലാ സ്റ്റേഷനിലും ഫലപ്രദമായി നടപ്പിലാക്കണം. ചെറിയ സ്റ്റേഷനുകളുടെ കാര്യം വളരെ പരിതാപകരമാണ് അവയെ ആരും നോക്കാൻ ഇല്ലെന്ന സ്ഥിതിയാണ്.
ഷൊർണൂർ മംഗലാപുരം മേഖലയിൽ ഇപ്പോഴത്തെ സ്പീഡ് ലിമിറ്റ് വർധിപ്പിക്കേണ്ടത് അനിവാര്യമാണ്.
സ്പീഡ് ലിമിറ്റിന്റെ കാര്യത്തിൽ കാലാനുസൃതമായ മാറ്റം വേണം. ഇപ്പോൾ ലൂപ് ലൈൻ സ്പീഡ് 15 കിലോമീറ്റർ ആണ്. ആദ്യ 30 കിലോമീറ്റർ ആക്കുന്നതിന് തടസ്സം ഇല്ലെന്നാണ് ഔദ്യോഗിക പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇവ കണക്കിലെടുത്തുകൊണ്ടുള്ള പുന:സംവിധാനങ്ങൾ നടപ്പിൽ വരുത്തേണ്ടതാണ്.
ബജറ്റിൽ പാസാക്കുന്നത് നടപ്പിലാക്കുന്ന കാര്യത്തിൽ വർഷങ്ങൾ കഴിഞ്ഞാലും സാധ്യമാകുന്നില്ല എന്ന സ്ഥിതിയാണുള്ളത്. എന്റെ മണ്ഡലത്തിൽ തന്നെ കുറ്റിപ്പുറം റെയിവേ സ്റ്റേഷന് കെട്ടിടം പുതുക്കി നിർമ്മിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചിട്ടും ഇതുവരെയും നടപ്പിലായിട്ടില്ല.
തിരൂർ റെയിൽവേ സ്റ്റേഷനിൽ വളരെ വൈകിയാണെങ്കിലും ലിഫ്റ്റിന്റെ വർക്ക് ഇപ്പോൾ ടെണ്ടർ ചെയ്തിട്ടുണ്ട്. അതും വളരെ വൈകിയാണ് ചെയ്തത്. പാസഞ്ചേഴ്സ് അമിനിറ്റിസിന്റെ കാര്യങ്ങൾ പലതും കടലാസിൽ മാത്രമേയുള്ളൂ യാഥാർഥ്യമാകുന്നില്ല.
റെയിൽവേ ഭൂമിക്ക് സമീപം താമസിക്കുന്നവർക്ക് കെട്ടിടം നിർമ്മിക്കുന്നതിനും മറ്റും അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വളരെ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. നേരത്തെ അതിന് അനുമതി നൽകുന്നത് ഡി.ആർ.എം തലത്തിൽ ആയിരുന്നെങ്കിൽ അത് ഇപ്പോൾ ജി എം തലത്തിൽ ആക്കിയിരിക്കുകയാണ് ഇത് പഴയ പോലെ ആക്കണം.
റെയിൽവേയിൽ വലിയതോതിലുള്ള സ്വകാര്യവത്കരണം നടക്കുകയാണ്. സ്വകാര്യവൽക്കരണത്തെ ഞങ്ങൾ പൂർണ്ണമായും എതിർക്കുന്നവരല്ല പക്ഷേ സ്വകാര്യവൽക്കരണം വരുമ്പോൾ അതിന് നിയമപരമായി നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യേണ്ടതാണ്.
അതുപോലെ തന്നെ കോവിഡ് കാലത്തിനു മുമ്പ് ഉണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ പുനസ്ഥാപിച്ചില്ല. ദുർബല ജന വിഭാഗങ്ങളെ ബാധിക്കുന്ന ഇത് ഗൗരവമായി എടുക്കേണ്ടതാണ്.
എന്റെ മണ്ഡലത്തിൽ ജില്ലയുടെ റയിൽവേ ആസ്ഥാനമായ തിരൂരിൽ രാജധാനി ഉൾപ്പെടെയുള്ള പല ദീർഘദൂര ട്രെയിനുകൾക്കും സ്റ്റോപ്പില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും ജനസഖ്യയുള്ള ജില്ലയിലെ പ്രധാനപ്പെട്ട തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും എം പി പാർലമെന്റിൽ ആവശ്യപ്പെട്ടു.
0 അഭിപ്രായങ്ങള്‍