പ്രമുഖ ചരിത്രകാരനും സാഹിത്യകാരനുമായ ഡോ:എം.ഗംഗാധരൻ ഓർമ്മയായി.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ വൈകിട്ട് പരപ്പനങ്ങാടിയിലെ സ്വവസതിയായ കൈലാസത്തിലായിരുന്നു അന്ത്യം.88 വയസ്സായിരുന്നു.
സമൂഹത്തിന്റെ നാനാതുറകളിലുള്ള പ്രമുഖരടക്കം നിരവധി പേർ അന്ത്യോപചാരമർപ്പിക്കാൻ പരപ്പനങ്ങാടി കൈലാസത്തിൽ എത്തി.
ചരിത്രാദ്യാപകനും നിരവധി വിദേശ സർവ്വകലാശാലകളിൽ വിസിറ്റിംഗ് സ്കോളറായും പ്രവർത്തിച്ചിട്ടുള്ള ഡോ:ഗംഗാധരൻ പന്ത്രണ്ട് വർഷം കോഴിക്കോട് ഗവ:ആർട്സ് കോളേജിൽ ചരിത്രവിഭാഗം പ്രൊഫസറായും ആറ് വർഷം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലും പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മലബാർ കലാപത്തെ കുറിച്ച് നടത്തിയ ഗവേഷണത്തിന് 1986 ൽ ഡോക്ടറേറ്റ് ലഭിച്ചു.നിരവധി ചരിത്ര ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.അന്വേഷണം,ആസ്വാദനം,നിരൂപണം പുതിയ മുഖം,ബോധത്തിലെ പടുകുഴികൾ,ഭഗവത് ഗീത,സാമൂഹ്യ ശാസ്ത്രവും തത്വജ്ഞാനവും,ജാതി വ്യവസ്ഥ പഠനങ്ങൾ,മാനൻ സ്കോ,മലബാർ കലാപം 1921,വസന്തത്തിന്റെ മുറിവ്,ദി ലാൻറ് ഓഫ് മലബാർ,കടൽ കന്യക,മാപ്പിള പഠനങ്ങൾ,വി.കെ.കൃഷ്ണമേനോൻ വ്യക്തിയും വിവാദങ്ങളും തുടങ്ങിയവ പ്രധാന കൃതികളാണ്.സാഹിത്യ അക്കാദമി പുരസ്കാരങ്ങളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
രാവിലെ 10.30ന് വീട്ടുവളപ്പിൽ ബന്ധുക്കളുടെയും നാട്ടുകാരടക്കമുള്ള പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന സംസ്കാര ചടങ്ങിൽ മകൻ നാരായണൻ എന്ന ഉണ്ണി ചിതക്ക് തീ കൊളുത്തി.
0 അഭിപ്രായങ്ങള്‍