രണ്ട് വൃക്ക രോഗികളുടെ ചികിത്സക്കായുള്ള ബിരിയാണി ചലഞ്ച് നാടിന്റെ കാരുണ്യ ചലഞ്ചായി


രണ്ട് വൃക്ക രോഗികളുടെ ചികിത്സക്കായി മമ്പാട് ജനകീയ കൂട്ടായ്മ ഒരുക്കിയ ബിരിയാണി ചലഞ്ച് ജനം ഏറ്റെടുത്തപ്പോള്‍ പിറന്നത് കാരുണ്യത്തിന്റെ പുതിയ ചരിത്രം.സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മെഗാ ബിരിയാണി ചലഞ്ചിനാണ് മമ്പാട് ഇന്നലെ സാക്ഷിയായത്. 

ബിരിയാണി ചലഞ്ചിനായി നാടും നാട്ടുകാരും  ഒഴുകിചേര്‍ന്നപ്പോള്‍ കാരുണ്യത്തിന്റെ രുചിയുള്ള  ബിരിയാണിയുടെ ഗന്ധം  ചാലിയാര്‍ തീരത്ത് വീശിയടിച്ചു. 45 ക്വിന്റല്‍ അരിയും അതിലേറെ കോഴി ഇറച്ചിയും ഉപയോഗിച്ച്   30000ലേറെ  ബിരിയാണിപ്പൊതികളാണ് പാക്ക് ചെയ്ത് മമ്പാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും മണിക്കൂറുകള്‍ക്കകം  എത്തിച്ചത്.കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ ബിരിയാണിക്ക് ഓഡര്‍ ചെയ്‌തെങ്കിലും തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതിനാല്‍ സംഘാടകര്‍ക്ക് സ്വീകരിക്കാനായില്ല. 

മമ്പാട് ജനകീയ കൂട്ടായ്മക്ക് പിന്നില്‍ മമ്പാട് പഞ്ചായത്തിലെയും സമീപ സ്ഥലങ്ങളിലേയും നാല്‍പതോളം ക്ലബ്ബുകളും സന്നദ്ധ സംഘടനകളും  വിദ്യാര്‍ത്ഥി കൂട്ടായ്മകളും സ്‌ക്കൂള്‍ എന്‍ എസ് എസ് യൂണിറ്റുകളും വാട്‌സാപ്പ് കൂട്ടായാമകളും കുടുംബശ്രീ പ്രവര്‍ത്തകരും  അണിചേര്‍ന്നപ്പോള്‍ ബിരിയാണിപ്പൊതി വീടുകളിലെത്തിക്കാന്‍ നിഷ്പ്രയാസം സാധ്യമായി.സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ സംഘാടനത്തില്‍ കണ്ണികളായി.  മലബാറിന്റെ   തനിമായര്‍ന്ന  രുചികൂട്ടുകള്‍ തയ്യാറാക്കുന്ന മമ്പാടിലെ പാചക വിദഗധരുടെ നേതൃത്വത്തിലുള്ള ഏഴ് പാചക ഗ്രൂപ്പുകളായാണ് ഇരുനൂറ് ചെമ്പ് ബിരിയാണി തയ്യാറാക്കിയത്.പാചകവും പാക്കിംഗും വിതരണവെമെല്ലാം സൗജനമായതോടെ സേവനത്തിന്റെ പുതു മാതൃകക്കും മമ്പാട്ടുകാര്‍  നേരവകാശികളായി. 

നൂറു രൂപ നിരക്കിലാണ് ബിരിയാണി വിതരണം ചെയ്തതെങ്കിലും  ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി  നാടിന്റെ സദുദ്യമത്തില്‍ നാട്ടുകാര്‍ പങ്കുചേര്‍ന്നു. ജനകീയ കൂട്ടായ്മ ചെയര്‍മാന്‍ ടി സി അബ്ദുസ്സമദ്, സെക്രട്ടറി കെ ജംഷിദ്, രക്ഷാധികാരി പനനിലത്ത് സലീം,അംഗങ്ങളായ ശബീബ് ഗ്രീന്‍സ്, തസ് ലീം മാരമംഗലം, മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസന്‍ തുടങ്ങിയവര്‍ ബിരിയാണി ചലഞ്ചിന് നേതൃത്വം നല്‍കി.മമ്പാട് സ്വദ്ദേശികളായ പുതു മാളിയേക്കൽ ഷമീന, പന്താർ സക്കീർ എന്നിവരുടെ ചിക്ൽസക്കാണ് ബിരിയാണി ചലഞ്ച് ഒരുക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍