തിരൂർ ജില്ല ആശുപത്രിയില്‍ നിലവിലെ ഫാർമസി കെട്ടിടം കാന്റീൻ ആക്കി മാറ്റാൻ നീക്കം. പഴയ രക്തബാങ്കിന് താഴെയുള്ള കെട്ടിടത്തിലേക്ക് ഫാർമസി മാറ്റാനാണ് ശ്രമം.
സൗകര്യമില്ലാത്ത പഴയ കെട്ടിടമാണിത്. ഇതിലേക്കാണ് സാധരണക്കാർ ഉള്‍പ്പെടെ ഏറെ ആശ്രയിക്കുന്ന ഫാർമസി മാറ്റാൻ നീക്കം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം ചേർന്ന ജില്ല ആശുപത്രി അധികൃതരുടെ യോഗത്തില്‍ ഇതിന് തീരുമാനമായിട്ടുണ്ട്. ജില്ല ആശുപത്രിയിലെ എച്ച്.എം.സിയും ഫാർമസി മാറ്റാനുള്ള തീരുമാനത്തിനൊപ്പമാണ്. ജില്ല ആശുപത്രി പ്രവേശന കവാടത്തിന് സമീപമാണ് നിലവില്‍ ഫാർമസി പ്രവർത്തിക്കുന്നത്. ജില്ല ആശുപത്രികളിലെ ഫാർമസിയുടെ സൗകര്യമില്ലെങ്കിലും നിലവിലുള്ള ഫാർമസി നല്ല നിലയിലാണ് പ്രവർത്തിക്കുന്നത്. ഈ ഫാർമസിയാണ് കാന്റീനുവേണ്ടി സൗകര്യമില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റുന്നത്.
നിലവില്‍ ജില്ല ആശുപത്രിയില്‍ കാന്റീൻ പ്രവർത്തിക്കുന്നില്ല. നേരത്തെ ഉണ്ടായിരുന്ന കാന്റീൻ ഒരു വർഷം മുമ്ബ് വൃത്തിയില്ലായ്മ മൂലവും ലൈസൻസില്ലാതെയും പ്രവർത്തിച്ചതിനെ തുടർന്ന് തിരൂർ നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയിരുന്നു.
ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ പദാർഥങ്ങള്‍ പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു നടപടി. തുടർന്ന് ആശുപത്രിക്ക് മുന്നിലെ ഹോട്ടലുമായി സഹകരിച്ച് ബദല്‍ സംവിധാനം ഒരുക്കുകയായിരുന്നു.
കൂടുതല്‍ സൗകര്യമുള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിന് പകരം സൗകര്യം കുറഞ്ഞ കെട്ടിടത്തിലേക്ക് ഫാർമസി മാറ്റുന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ളവരെ പ്രയാസത്തിലാക്കും.
അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയരാനിടയുണ്ട്.
0 അഭിപ്രായങ്ങള്‍