വിദ്യാര്‍ഥികള്‍ക്കടക്കം ലഹരി വില്‍പന ; അന്തര്‍ സംസ്ഥാന സംഘത്തിലെ 2 പേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍


വിദ്യാര്‍ഥികള്‍ക്കടക്കം ലഹരിവസ്തുക്കള്‍ വില്‍പന നടത്തിവന്ന അന്തര്‍ സംസ്ഥാന സംഘത്തിലെ രണ്ടുപേര്‍ കൊണ്ടോട്ടി പൊലീസിന്റെ പിടിയില്‍.

കൊണ്ടോട്ടി പുളിക്കല്‍ വലിയപറമ്ബ് സ്വദേശി പൂളക്കാതടത്തില്‍ നൗഫല്‍ (കൂറാച്ചി നൗഫല്‍ -34), കോഴിക്കോട് ഫറോക്ക് കുളങ്ങരപ്പാടം സ്വദേശി തയ്യില്‍ മുഹാബിദ് (39) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 90 ഗ്രാം എം.ഡി.എം.എയും 600 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് നാലു ലക്ഷത്തിലധികം രൂപ വിലവരും. നാട്ടുകാരുടെ ഇടപെടലാണ് സംഘത്തെ വലയിലാക്കാന്‍ സഹായിച്ചതെന്ന് ജില്ല പൊലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു. പുളിക്കല്‍, വലിയപറമ്ബ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വില്‍പന വ്യാപകമാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. നിരീക്ഷണം ശക്തമാക്കിയ പൊലീസ് സംഘം വലിയപറമ്ബിലുള്ള നൗഫലിന്റെ വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. 15,300 രൂപയും മയക്കുമരുന്ന് ഉപയോഗിക്കാന്‍ ഓണ്‍ലൈനില്‍ വരുത്തിയ ഗ്ലാസ് ഫണലുകളും കുഴലുകളും ലഹരി വസ്തുക്കള്‍ പൊതിയാനുപയോഗിക്കുന്ന കവറുകളും കണ്ടെടുത്തു. 

മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊര്‍ജിതമാക്കി. നൗഫലിനെതിരെ ലഹരിക്കടത്തിന് എക്‌സൈസിലും പൊലീസിലുമായി നാല് കേസുകളുണ്ട്. മുഹാബിദിന്റെ സഹോദരന്‍ രണ്ടുമാസം മുമ്ബ് എം.ഡി.എം.എയുമായി പിടിയിലായി ജയിലിലാണ്. 

കൊണ്ടോട്ടി ഡിവൈ.എസ്.പി എ.എം. സിദ്ദീഖ്, സബ് ഇൻസ്പെക്ടര്‍ സൂരജ്, എ.എസ്.ഐ വിമുല ബാബുരാജ്, പൊലീസുദ്യോഗസ്ഥരായ ഹരിലാല്‍, അജിത്ത്, ശുഭ, ഡാന്‍സാഫ് ടീമംഗങ്ങളായ പി. സഞ്ജീവ്, ഒ. രതീഷ്, എ.പി. ഷബീര്‍, സി. സുബ്രഹ്‌മണ്യന്‍, ടി.എന്‍. സുഭീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍