സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും വീടുകള്‍ തകര്‍ന്നു.


തോടുകള്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളംകയറി. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15 കാരനെ കാണാതായി. 

ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി. തിരുവവന്തപുരം കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുമ്ബിലെ പരസ്യ ബോർഡ് ശക്തമായ കാറ്റില്‍ നിലംപൊത്തി.

കോഴിക്കോട് നാദാപുരത്ത് വീടിന് മുകളില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. ഇടുക്കി ദേവികുളത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇടുക്കി ജില്ലയിലെ രാത്രി യാത്രയ്ക്ക് ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി.

എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്ബ് തുറന്നു. എഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റി. 

പൊന്നാനി അലിയാർ പള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും സമാനമായി കടലാക്രമണം ഉണ്ടായി. ഇവിടെയും വീടുകളില്‍ വെള്ളം കയറി. അലിയാർ പള്ളിയില്‍ റോഡിലേക്കും വെള്ളം കയറി. തൃശൂർ കാരവ കടപ്പുറത്ത് കടലാക്രമണം രൂക്ഷമാണ്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം നിരോധിച്ചു.

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും ജൂണ്‍ 30 വരെ നിരോധിച്ച്‌ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി ഉത്തരവിട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍