കൊല്ലം പുനലൂർ മണിയാറില്‍ മിന്നലേറ്റ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.ഇടക്കുന്നം സ്വദേശികളായ സരോജം (45), രജനി (42) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് അപകടം.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കള പറിക്കുന്നതിനിടെ മഴ പെയ്തപ്പോള്‍ ഇരുവരും പുരയിടത്തില്‍ ഒരു വശത്തേക്ക് കയറി നിന്നു. ഈ സമയം ശക്തമായ മിന്നലേല്‍ക്കുകയായിരുന്നു. രണ്ടുപേരും ഒരുമിച്ചാണുണ്ടായിരുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്ഥാനത്ത് വെള്ളിയാഴ്ചയോടെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് വെള്ളി, ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കുകിഴക്കന്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തും ചക്രവാതച്ചുഴിയുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് മഴ കനക്കുന്നത്. ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
കേരള തീരത്ത് ഇന്നു രാത്രി 10.00 മണി മുതല്‍ നാളെ രാത്രി 07.00 വരെയും തമിഴ്നാട് തീരത്ത് നാളെ രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിർദ്ദേശം.
0 അഭിപ്രായങ്ങള്‍