+1 സീറ്റ് വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ





മലബാറിലെയും മലപ്പുറം ജില്ലയിലെയും പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച മുഴുവൻ വിദ്യാർഥികള്‍ക്കും അതത് പ്രദേശങ്ങളില്‍ തന്നെ തുടർ പഠനത്തിന് പരമാവധി സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

മലബാറിലെ മേല്‍ പറഞ്ഞ ജില്ലകളില്‍ നിന്നും എസ്.എസ്.എല്‍.സി വിജയിച്ച കുട്ടികളില്‍ പലർക്കും പ്ലസ് വണ്‍ അലോട്ട്മെന്റിന്റെ മൂന്നു ഘട്ടങ്ങള്‍ പൂർത്തിയായിട്ടും സീറ്റ് ലഭിച്ചിട്ടില്ലെന്ന വിഷയം മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയില്‍പ്പെടുത്തുകയും അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഹയര്‍ സെക്കന്ററി ഇല്ലാത്ത മുഴുവൻ സര്‍ക്കാര്‍ ഹൈസ്കൂളുകളും അപ്ഗ്രേഡ് ചെയ്തും സൗകര്യങ്ങളുള്ള സർക്കാർ-എയ്ഡഡ് സ്കൂളുകളില്‍ പുതിയ ബാച്ചുകള്‍ അനുവദിച്ചും പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച്‌ പ്ലസ് വണ്‍ സീറ്റ് വിഷയം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും ഉറപ്പു നല്‍കിയതായും മന്ത്രി വി. അബ്ദുറഹിമാൻ അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍