ഇഷ്ടത്തിനനുസരിച്ച് വാഹനങ്ങളിൽ മോടികൂട്ടിയവർക്ക് പിടിവീഴും.കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇമ്പം കണ്ടെത്തുന്ന ഇരുചക്രവാഹന യാത്രക്കാരെയും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിക്കുന്ന വരെയും പൂട്ടാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗം.
റോഡുകളിൽ നിയമാനുസൃതം യാത്ര ചെയ്യുന്നവർക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവർക്കും നിരന്തരം ശല്യവും ആരോഗ്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഓപ്പറേഷൻ സൈലൻസ് പരിശോധന.
ഓപ്പറേഷൻ സൈലൻസിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പ് മലപ്പുറം ജില്ലയിൽ മാത്രം നടത്തിയ പരിശോധനയിൽ അനധികൃതമായി സൈലൻസർ അൾട്ടറേഷൻ നടത്തിയ 33 വാഹനങ്ങൾക്കെതിരെ നടപടി എടുത്തു.
ജില്ലയിൽ നടത്തിയ കർശന പരിശോധനയിൽ ഹെൽമെറ്റ് ധരിക്കാത്ത 209, ഇൻഷുറൻസ് ഇല്ലാത്ത 68 വാഹനങ്ങൾക്കെതിരെയും, ലൈസൻസില്ലാതെ വാഹനമോടിച്ച 40 പേർക്കെതിരെയും തുടങ്ങി 402 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പിഴയായി 1016400 രൂപ ഈടാക്കി.
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷൻ സൈലൻസ് എന്ന പേരിൽ പ്രത്യേക പരിശോധന നടത്തുന്നത്. 18ാം തിയതി വരെയാണ് പരിശോധന.പരിഷ്കരിച്ച ഹാൻഡിൽ ബാറടക്കം ഘടനാപരമായ എല്ലാ മാറ്റങ്ങളും കണ്ടെത്തി പിഴ ഈടാക്കും. കൂടാതെ കൂട്ടിയ മോഡി സ്വന്തംചെലവിൽ നീക്കുകയും വേണം.
ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ മാരായ ഡാനിയൽ ബേബി, സജി തോമസ് എ എം വി ഐ മാരയ സലീഷ് മേലേപ്പാട്ട്, വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ മലപ്പുറം, തിരൂരങ്ങാടി, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, പൊന്നാനി, തിരൂർ, മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
ഇത്തരം വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു
0 അഭിപ്രായങ്ങള്‍