CPIM പ്രവർത്തകർക്ക് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതി 28 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ


കരിമ്പൻതൊടി സ്വദേശി ചന്ദ്രശേഖരൻ എന്ന മണി (59) ആണ് പതിറ്റാണ്ടുകൾക്കു ശേഷം വണ്ടൂർ പൊലീസ് തൃശൂരിൽ നിന്നും പിടികൂടിയത്. 1993 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒരു വഴിതർക്കവുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തെ തുടർന്നാണ് CPIM കരിമ്പൻ തൊടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന മംഗലശേരി വേലുക്കുട്ടി എന്ന സുന്ദരൻ (65), സഹോദരൻ സുരേഷ് കുമാർ (50) എന്നിവർക്ക് നേരെയാണ് ചന്ദ്രശേഖരൻ ബോംബെറിഞ്ഞത്. ഈ സംഭവത്തിന് ഒരു മാസം മുമ്പ് CPIM അംഗമായിരുന്ന പരേതനായ പട്ടര് കടവൻ മുഹമ്മദിനെ ചന്ദ്രശേഖരൻ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് തുടർച്ചയായിട്ടാണ് ചന്ദ്രശേഖരൻ CPIM പ്രവർത്തകർക്ക് നേരെ ബോംബ് എറിഞ്ഞത്. തുടർന്ന് നാട്ടുകാർ ഇദ്ദേഹത്തിൻ്റെ വീട് വളയുകയും ചെയ്തു. പിന്നീട് പോലീസ് എത്തി പരിശോധിച്ചപ്പോൾ വീട്ടിലെ ടോയ്‌ലെറ്റിൽ നിന്നും ബോംബ് കണ്ടെത്തുകയും ചെയ്തു. എന്നാൽ സംഭവശേഷം മുഹമ്മദിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ശിക്ഷിക്കപെടുമെന്ന ഘട്ടത്തിൽ ഇയാൾ ഒളിവിൽ പോവുകയാണുണ്ടായത്. പിന്നീട് പിടികിട്ടാപുള്ളിയായി കോടതി പ്രഖ്യാപിക്കുകയും ചെയ്തു. 

എന്നാൽ വർഷങ്ങൾക്ക് ശേഷം പ്രതി തൃശൂരിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വണ്ടൂർ പോലീസ് വീണ്ടും അന്വേഷണം ഊർജിതമാക്കി. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തൃശ്ശൂരിൽ വെച്ച് അറസ്റ്റിലാവുകയായിരുന്നു. അന്വേഷണത്തിന് ഇൻസ്പെക്ടർ ഇ.ഗോപകുമാറിന്റെ നേതൃത്വത്തിൽ ASI സമദ്, SCPO മാരായ ജയേഷ് മാധവ്, മധു എന്നിവരാണ് നേതൃത്വം നൽകിയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍