വെല്ലുവിളികൾക്കിടയിലും ജീവിത പരീക്ഷണങ്ങൾക്കിടയിലും സാക്ഷരതാ പ്രവർത്തനത്തിലൂടെ നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ തിരൂരങ്ങാടിയുടെ അക്ഷരപുത്രിക്ക് പത്മശ്രീ പുരസ്കാരം ലഭിച്ച സന്തോഷത്തിന്റെ അനർഘ നിമിഷങ്ങളിലാണ് തിരൂരങ്ങാടി.
രാജ്യത്തിന്റെ 73 മത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടാണ് കെ.വി.റാബിയക്ക് പത്മശ്രീ പുരസ്കാരം ഉണ്ടെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇന്നലെ ഉച്ചയോടെ ഡൽഹിലെ മിനിസ്റ്ററിയിൽ നിന്നും അവാർഡിന്റെ കാര്യം സൂചിപ്പിച്ച് കൊണ്ട് വിളി വന്നിരുന്നുവെങ്കിലും പ്രഖ്യാപനം വരാത്തതിനാൽ റാബിയ ആരോടും പറഞ്ഞിരുന്നില്ല.അവാർഡിനായി പ്രത്യേക അപേക്ഷകളൊന്നും റാബിയ സമർപ്പിച്ചിരുന്നില്ല.സോഷ്യൽ വെൽഫെയർ ബോർഡും പോലീസ് ഡിപ്പാർട്ട്മെൻറും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും റാബിയ പറഞ്ഞു.
1990ൽ സാക്ഷരതാ പ്രവർത്തനത്തിലൂടെയാണ് തിരൂരങ്ങാടി വെള്ളിലക്കാട് എന്ന കൊച്ചുഗ്രാമത്തിലെ ശാരീരിക അവശതകൾ പേറുന്ന കെ.വി.റാബിയ പൊതു രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
തന്റെ ഗ്രാമത്തിലെ നൂറുക്കണക്കായ നിരക്ഷരർക്ക് അക്ഷരവെളിച്ചം പകർന്നും ജൻശിക്ഷൺ സൻസ്ഥാന്റെ ഭാഗമായുള്ള ട്യൂഷൻ സെന്റർ സ്ഥാപിച്ചും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ഗ്രന്ഥശാല,സ്വയം ത്വഴിൽ സംരംഭങ്ങൾ,ബോധവൽക്കരണ ശാക്തീകരണ പദ്ധതികൾ തുടങ്ങിയവയിലൂടെ റാബിയ ആയിരങ്ങൾക്കാണ് ആശ്രയമായിരുന്നത്.
പതിനാലാം വയസ്സ് വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു റാബിയ.പിന്നീട് പോളിയോ ബാധിച്ചതാണ് ശരീരം തളർത്തിയത്.ശരീരം തളർന്നെങ്കിലും മനസ്സ് തകരാതെ കരുത്തോടെ നിലകൊണ്ടു. സാക്ഷരതാ രംഗത്താണ് മികച്ച പ്രവർത്തനങ്ങൾ റാബിയ നടത്തിയത്.
ഈ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ റാബിയയെ തേടിയെത്തിയിട്ടുണ്ട്.യു.എൻ.ഏർപ്പെടുത്തിയ മികച്ച സാക്ഷരതാ പ്രവർത്തനത്തിന് നൽകിയ അവാർഡ് റാബിയക്കായിരുന്നു.
നാഷണൽ അവാർഡ്,സംസ്ഥാന സർക്കാരിന്റെ വനിതാ രത്നം അവാർഡ്,മുരിമoത്തിൽ ബാവ അവാർഡ്,സാക്ഷരതാമിഷൻ അവാർഡ്,സീതി സാഹിബ് അവാർഡ്,സ്ത്രീശാക്തീ പുരസ്കാരം തുടങ്ങി വലുതും ചെറുതുമായ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പത്മശ്രീ പുരസ്കാരം ലഭിച്ചതറിഞ്ഞ് തിരൂരങ്ങാടി വെള്ളിലക്കാട്ടെ റാബിയയുടെ വസതിയിലേക്ക് ആശംസകൾ അർപ്പിക്കാൻ എത്തുന്നവരുടെ തിരക്കാണ്.നാട് ഈപുരസ്കാര ലബ്ധിയിൽ ആഘോഷതിമിർപ്പിലാണ്. റവന്യൂ വകുപ്പ് മന്ത്രി പി.രാജൻ,ഇ.ടി.മുഹമ്മദ് ബഷീർ.എം.പി., കെ.പി.എ.മജീദ്.എം.എൽ.എ, ജില്ലാ കളക്ടർ പ്രേംകുമാർ, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ:പി.എം.എ. സലാം, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ്കുട്ടി, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ടവർ വസതിയിലെത്തി ആശംസകൾ നേർന്നു.
0 അഭിപ്രായങ്ങള്‍