നിലമ്പൂരില്‍ നഗരവനം പദ്ധതിക്കും ടൂറിസത്തിനുമായി 2.90 കോടി രൂപയുടെ പദ്ധതി


വനം വകുപ്പിന്റെ കീഴില്‍ നടപ്പിലാക്കുന്ന നഗരവനം പദ്ധതിക്ക് ഒരു കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശം വനം വകുപ്പ് നിലമ്പൂര്‍ ഡിവിഷന്‍ സമര്‍പ്പിച്ചു. വനം വകുപ്പിന് കീഴില്‍ നിലമ്പൂരിന്റെ ഇക്കോ ടൂറിസം പദ്ധതിക്കായി 1.90 കോടി രൂപയുടെ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഇതില്‍ 1.60 കോടി രൂപ കനോലിക്കടുത്ത് ചാലിയാറിന് കുറുകെയുള്ള തൂക്കുപാലത്തിനായി ചിലവഴിക്കും. 2019-ലേയും 2020-ലേയും പ്രളയത്തില്‍ നിലവിലുണ്ടായിരുന്ന തൂക്കുപാലം തകര്‍ന്നിരുന്നു. പുതിയ തൂക്കുപാലം നിര്‍മിക്കുന്നത് കണ്ണൂര്‍ കേന്ദ്രമായ സര്‍ക്കാരിന്റെ തന്നെ സ്ഥാപനമായ 'സില്‍ക്ക്' ആണ്. 

നഗരവനം പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാകാനുള്ള പദ്ധതി നിര്‍ദ്ദേശമാണ് നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷന്‍ സമര്‍പ്പിച്ചത്. കനോലി പ്‌ളോട്ടിനോട് ചേര്‍ന്ന് കെ.എന്‍.ജി. റോഡരികിലുള്ള 17 ഹെക്ടര്‍ സ്ഥലം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇവിടെ നക്ഷത്ര വനം സ്ഥാപിക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. പ്രഭാത സവാരിക്കാര്‍ക്ക് നടക്കാനായി ഈ വനമേഖലയില്‍ നടപ്പാതകള്‍ നിര്‍മിക്കുക, ഇരിക്കാനാവശ്യമായ ഇരിപ്പിടങ്ങള്‍ നിര്‍മിക്കുക, രണ്ടിനം മുളകള്‍, ചൂരല്‍, ഈറ്റ എന്നിവയുടെ തോട്ടങ്ങള്‍ നിര്‍മിക്കുക, കനോലി പ്‌ളോട്ടിലേക്ക് പോകുന്ന സ്ഥലത്ത് മനോഹരമായ പ്രവേശന കവാടം നിര്‍മിക്കുക, പന്നല്‍ സസ്യങ്ങളും മറ്റും വെച്ചുപിടിപ്പിക്കുക, തേക്ക് മരങ്ങളുടെ കൊമ്പുകള്‍ വെട്ടിമാറ്റി കൂടുതല്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഈ പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ളത്.

ഇക്കോ ടൂറിസം പദ്ധതിക്ക് 1.90 കോടിരൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതില്‍ 1.60 കോടി രൂപ കനോിലി പ്‌ളോട്ടിലേക്കുള്ള തൂക്കുപാലത്തിനായി ചിലവഴിക്കും. അവശേഷിക്കുന്ന തുകയില്‍ നിന്ന് ഗേറ്റ്, മതില്‍ എന്നി പെയിന്റ് ചെയ്ത് കൂടുതല്‍ ആകര്‍ഷണീയമാക്കും. പ്രവേശന കവാടത്തിന് സമീപം അനേ്വഷണങ്ങക്കായുള്ള കേന്ദ്രവും പ്രവര്‍ത്തിപ്പിക്കും. ടൂറിസവുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ സ്ഥാപിക്കുക, വിനോദ സഞ്ചാരികള്‍ക്കായുള്ള ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള ഊഞ്ഞാലുകള്‍, ചിത്രശലഭ പാര്‍ക്ക്, പൂന്തോട്ടം എന്നിവ സ്ഥാപിക്കും. ഇക്കോ ടൂറിസത്തിനുള്ള പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ വനം വകുപ്പിന്റെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയാക്കി നിലമ്പൂരിനെ മാറ്റാനാണ് പദ്ധതി. കനോലി പ്‌ളോട്ടിന് സമീപം ചാലിയാറും കുറുവന്‍ പുഴയും കൂടിച്ചേരുന്നിടത്ത് കഫറ്റേരിയ ഉണ്ടാക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍