സർവ ആധികൾക്കും വ്യാധികൾക്കും പരിഹാരം കാണാൻ കഴിയുന്നതാണ് സംഗീതത്തിന്റെ മേൻമയെന്ന് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. മാധ്യമ പ്രവർത്തകനായ ഊരാളി ജയപ്രകാശ് എഴുതിയ "പാട്ടോർമകൾ" എന്ന പുസ്തകം കോട്ടയ്ക്കൽ സാജിദ ഓഡിറ്റോറിയത്തിൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തിന്റെ മാഹാത്മ്യം തിരിച്ചറിയാൻ സാധിച്ചതിനാലാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീത ചികിത്സയുമായി വയനാട് ചുരം കയറിയത്. സംഗീതത്തിന് അനന്തസാധ്യതകളുണ്ട്. ചലച്ചിത്ര ഗാനങ്ങളുടെ അണിയറ പ്രവർത്തകരെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കാൻ പുസ്തകത്തിന് സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ്ങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.പി.എം.വാരിയർ പുസ്തകം ഏറ്റുവാങ്ങി. സംഗീതത്തെയും മറ്റും കുറിച്ച് ഇനിയും പുസ്തകങ്ങൾ എഴുതാൻ ഗ്രന്ഥകാരനു സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കോട്ടയ്ക്കൽ സാജിദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു. ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യൻ ഡോ.കെ.മുരളീധരൻ മുഖ്യപ്രഭാഷണവും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സന്തോഷ് വള്ളിക്കാട് പുസ്തക പരിചയവും ചിത്രരശ്മി ബുക്സ് പ്രതിനിധി മിഥുൻമനോഹർ പ്രസാധക മൊഴിയും നടത്തി. നഗരസഭ കൗൺസിലർ ടി.കബീർ, പ്രസ് ക്ലബ് പ്രസിഡന്റ് പ്രമേഷ് കൃഷ്ണ, കഥകളി നടൻ കോട്ടയ്ക്കൽ ശശിധരൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് അജിത്രി, ആർക് പ്രസിഡന്റ് സുരേഷ് പുല്ലാട്ട്, എഴുത്തുകാരൻ ബഷീർ രണ്ടത്താണി, കേരള ശാസ്ത്രസാഹിത്യ പരിഷത് പ്രതിനിധി എം.എസ്. മോഹനൻ, ജില്ലാ ലൈബ്രറി കൗൺസിൽ മുൻ പ്രസിഡന്റ് കെ.പത്മനാഭൻ മാസ്റ്റർ, പബ്ലിസിറ്റി കൺവീനർ സന്ദീപ് കെ.നായർ, ഊരാളി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.
0 അഭിപ്രായങ്ങള്‍