സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ - റെയിലിനെതിരെ എതിർപ്പ് ആവർത്തിച്ച് ഇ.ശ്രീധരൻ. കേരളത്തിൽ കെ- റെയിൽ പ്രായോഗികമല്ലെന്നും പദ്ധതി സർക്കാരിന് വൻ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും ശ്രീധരൻ പറഞ്ഞു. കെ- റെയിൽ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം ഭീകരമായിരിക്കുമെന്നും ശ്രീധരൻ മുന്നറിയിപ്പ് നൽകി.
ഒരു റെയിൽവേ പാത കൂടി കേരളത്തിന് വേണം എന്ന ബോധ്യമുള്ളയാളാണ് ഞാൻ. എന്നാൽ ഈ സമയത്തല്ല അതു വേണ്ടത്. വല്ലാതെ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. കേരളം വല്ലാതെ ബുദ്ധിമുട്ടുകയാണ്. ശമ്പളം കൊടുക്കാൻ പോലും പണമില്ല. അപ്പോൾ മൂന്നോ നാലോ കൊല്ലം നമ്മൾ കാത്തിരിക്കണം.
പിന്നെ കെ-റെയിലിൻ്റെ കാര്യത്തിൽ ഒരു തെറ്റായ ആശയത്തെ മോശം പദ്ധതിയാക്കി പരിതാപകരമായ രീതിയിൽ ആസൂത്രണം ചെയ്തിരിക്കുകയാണ്. ശരിയായ രീതിയിൽ ഒരു പദ്ധതി വിഭാവനം ചെയ്തിരുന്നുവെങ്കിൽ അതിനൊപ്പം ഞാൻ നിന്നേനെ. അത്രയും സ്ഥലം ഏറ്റെടുക്കുണം, ചതുപ്പുനിലങ്ങളിലൂടെയാണ് പദ്ധതി പോകുന്നത്. . ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിക്കുകയും വേണം. 350 കിലോമീറ്ററോളം ദൂരം പാത പോകുന്നത് ഭൂമിയിലൂടെയാണ്. അതു വലിയ വെല്ലുവിളിയാണ് - ശ്രീധരൻ പറഞ്ഞു.
അതേസമയം കെ-റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് എംപിമാരും എതിർപ്പ് ആവർത്തിച്ചു. സംസ്ഥാനത്തെ എക്കാലത്തേയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കും പദ്ധതി തള്ളിയിടുമെന്ന് യുഡിഎഫ് എംപി ബെന്നി ബെഹന്നാൻ പറഞ്ഞു.
News Courtesy - Asianet News
0 അഭിപ്രായങ്ങള്‍