കേരള സർക്കാർ അധികാര ഭ്രാന്തിന്റെ അന്ധതയിൽ : മുസ്ലിം ലീഗ്


അധികാര ഭ്രാന്ത് മൂത്ത് കണ്ണുംമൂക്കുമില്ലാതെ എന്തും ചെയ്യുന്ന നിലയിലാണ് കേരളത്തിലെ പിണറായി സര്‍ക്കാരെന്ന് മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം കുറ്റപ്പെടുത്തി. വീണ്ടും അധികാരത്തിലെത്താന്‍ സര്‍വ്വസന്നാഹങ്ങളുമായി രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുന്നതിനാണ് ഭരണത്തിന്റെ അവസാന നാളുകളില്‍ സര്‍ക്കാര്‍ മുതിരുന്നത്. ഇതിനെ എന്തുവില കൊടുത്തും മുസ്ലിം ലീഗ് നേരിടും. തെരഞ്ഞെടുപ്പ് വേളയില്‍ സമനില തെറ്റിയവരെ പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്.

ഭരണാധികാരിക്ക് ഭ്രാന്ത് പിടിച്ചാല്‍ ജനാധിപത്യം അപ്രസക്തമാകും. അവിടെ പിന്നെ ആര്‍ക്കും രക്ഷയില്ല. സര്‍വ്വാധികാരിക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. എതിരാളികളെ വാക്കുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും പ്രതിരോധിക്കുന്ന ആരോഗ്യകരമായ രാഷ്ട്രീയമാണ് ജനാധിപത്യ കേരളത്തില്‍ ആരംഭം മുതല്‍ തുടര്‍ന്നുവന്നത്.

രാഷ്ട്രീയ വിരോധികള്‍ക്കും കക്ഷി നേതാക്കള്‍ക്കുമെതിരെ ഭരണകൂട മര്‍ദനമുറകള്‍ കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.  വിജിലന്‍സ് സര്‍ക്കാരിന്റെ മര്‍ദ്ദനോപകരണമായി മാറിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധമാണ് മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനോട് പെരുമാറുന്നത്. മെഡിക്കല്‍ രംഗത്തെ വിദഗ്ധര്‍ രോഗാവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും കോടതിയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും മാനുഷിക പരിഗണനയോ വിട്ടുവീഴ്ചയോ ഇല്ലാതെ ക്രൂരമായ സമീപനമാണ് സര്‍ക്കാര്‍ തുടരുന്നത്. ഇത് ജനാധിപത്യ കേരളത്തില്‍ വിലപ്പോകില്ല.

തെരഞ്ഞെടുപ്പ് വേളയില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം തന്‍പ്രമാണിത്തത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും. പോലീസ് ആക്ട് ഭേദഗതി ചെയ്ത് ചരിത്രത്തിലെ അല്പായുസ്സുള്ള നിയമമുണ്ടാക്കി കേരളത്തിന് നാണക്കേടുണ്ടാക്കിയത് സര്‍ക്കാരിന്റെ മനോവിഭ്രാന്തിക്ക് മറ്റൊരു ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍