കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് ചുറ്റുമുളള ഫ്രീ ഫ്‌ളൈറ്റ് സോണില്‍ ലേസർ ബീം ലൈറ്റുകള്‍, ബലൂണുകള്‍ തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറക്കി മലപ്പുറം ജില്ലാ കളക്ടർ വി ആർ വിനോദ്.
പാരാ ഗ്ലൈഡറുകള്‍, ഹൈ റൈസർ ക്രാക്കറുകള്‍, പ്രകാശം പരത്തുന്ന വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം, പട്ടം പറത്തല്‍ എന്നിവയ്ക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിലുളള വസ്തുക്കളുടെ ഉപയോഗം വിമാനങ്ങളുടെ നാവിഗേഷൻ സംവിധാനത്തെ തകരാറിലാക്കി അപകടങ്ങള്‍ സൃഷ്ടിക്കാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് നിരോധിച്ചത്. സിആർപിസി സെക്ഷൻ 144 പ്രകാരമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് കളക്ടർ അറിയിച്ചു. ഏതെങ്കിലും വിമാനത്തിന്റെ ലാൻഡിംഗ്, ടേക്ക് ഓഫ്, ഫ്‌ളൈയിംഗ് പ്രവർത്തനങ്ങള്‍ എന്നിവ തടസപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
0 അഭിപ്രായങ്ങള്‍