തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രങ്ങളില്‍ മുസ്‌ലിം ലീഗിന് കോട്ടം തട്ടിയിട്ടില്ലെന്ന് ലീഗ് ഉന്നതാധികാര സമിതിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് ശേഷം ഇന്നലെ രാവിലെ പാണക്കാട് ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ചുള്ള വിലയിരുത്തല്‍.
തിരഞ്ഞെടുപ്പ് ഒരുതരത്തിലും ലീഗിനെ ബാധിച്ചിട്ടില്ലെന്നും അത് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തമാണ് എന്നതാണ് യോഗത്തില്‍ വിലയിരുത്തിയത്. ഇത് സംബന്ധിച്ച് ഫലം പുറത്ത് വന്നപ്പോള്‍ തന്നെ ലീഗ് പ്രതികരിച്ചതുമാണ്. എന്നാല്‍ സംസ്ഥാനമാകെ യു ഡി എഫിന് ആകെ നോക്കുമ്പോള്‍ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഉന്നതാധികാര സമിതി നിരീക്ഷിച്ചു. ഇത് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യങ്ങള്‍ വിശകലനം ചെയ്ത് തിരുത്തി മുന്നോട്ട് പോകാനാണ് യോഗത്തില്‍ ചര്‍ച്ചക്ക് വന്നത്.
ഇതിന്റെ ഭാഗമായി നാളെ(ശനി 19ന്) യു ഡി എഫ് യോഗം ചേരും. കൂടാതെ പൂര്‍ണതലത്തില്‍ തിരഞ്ഞെടുപ്പ് അവലോകനം നടത്താന്‍ ഈമാസം 23ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം മലപ്പുറത്ത് ചേരും. ദേശീയ, സംസ്ഥാന തലങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജനുവരി രണ്ടിന് കോയമ്പത്തൂരില്‍ ദേശീയ കമ്മിറ്റി യോഗവും ചേരും. എല്ലാ ദേശീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
പാണക്കാട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സാദിഖലി ശിഹാബ് തങ്ങള്‍, എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ്, ഇ ടി മുഹമ്മദ് ബശീര്‍, എം കെ മുനീര്‍ എം എല്‍ എ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍