തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുമ്പോള്‍ പ്രതീക്ഷിച്ചതുപോലെ ജില്ലയില്‍ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുകയാണ്. വോട്ടര്‍പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത 11 പേര്‍ വൈറസ് ബാധിതരായ കൊണ്ടോട്ടിയെ ജില്ലയിലെ ആദ്യ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്ററായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. ഇതേ സ്ഥിതി മറ്റിടങ്ങളിലുമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതാണ് ആശങ്കക്ക് കാരണം.
പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനിടയിലാണ് ജില്ലയില്‍ ആദ്യ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്റര്‍ കൊണ്ടോട്ടിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കൊണ്ടോട്ടി നഗരസഭയില്‍ വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 11 പേര്‍ക്ക് ഒരുമിച്ച് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണമേര്‍പ്പെടുത്തുകയും ചെയ്യുന്ന നടപടികള്‍ നടന്നുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഈ ക്ലസ്റ്ററില്‍ സമ്പര്‍ക്കത്തിലുള്ളവരില്‍ വലിയൊരു പങ്ക് രോഗബാധിതരാകാനുളള സാധ്യതയും ആരോഗ്യ പ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല.
കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആരോഗ്യ ജാഗ്രത ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ നല്‍കിയതാണ്. സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍, പ്രചാരണ രംഗത്തുള്ളവര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം പൂര്‍ണ്ണമായും ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം പരസ്യമായി ലംഘിക്കുന്ന കാഴ്ചകളാണ് പ്രചാരണ രംഗത്തടക്കമുള്ളത്. നാമ നിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് കൂട്ടത്തോടെ സ്ഥാനാര്‍ഥികളും സംഘങ്ങളും വരണാധികാരികളുടെ ഓഫീസുകള്‍ക്ക് മുന്നിലെത്തിയതുപോലും തടയാന്‍ സംവിധാനമുണ്ടായിരുന്നില്ല.
നിലവില്‍ വോട്ടഭ്യര്‍ഥിച്ച് സ്ഥാനാര്‍ത്ഥികള്‍ വീടുകള്‍ കയറുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. വീടുകള്‍ക്കകത്ത് കയറുന്നില്ലെങ്കിലും കൂട്ടത്തോടെ വോട്ടര്‍മാരുടെയടുത്തെത്തുന്ന സംഘങ്ങള്‍ ലഘുലേഖകളും മറ്റും കൈമാറുമ്പോഴും ആരോഗ്യ ജാഗ്രത പാലിക്കുന്നില്ലെന്നത് വസ്തുതയാണ്. ഇതില്‍ വൈറസ് ബാധിതരുണ്ടോയെന്നും കാര്യക്ഷമമായി ഉറപ്പാക്കുന്നില്ലെന്നത് കടുത്ത വെല്ലുവിളിയാവുകയാണ്. കൊണ്ടോട്ടിയിലെന്നപോലെ വരും ദിവസങ്ങളില്‍ കൂടുതല്‍ ഇലക്ഷന്‍ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെടാനുള്ള സാധ്യതയാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജിതമാകുന്നതോടെ വലിയ ക്ലസ്റ്ററുകള്‍ തന്നെ ഇത്തരത്തില്‍ രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
0 അഭിപ്രായങ്ങള്‍